01/09/2026
🏗️ കേരളത്തിൽ ഒരു വീട് പണിയുന്നത് ഇന്ന് ഒരു സ്വപ്നമാണോ, സാമ്പത്തിക വെല്ലുവിളിയാണോ?
ഒരു സാധാരണ കുടുംബം ജീവിതകാലം മുഴുവൻ സമ്പാദിച്ച പണവും ബാങ്ക് വായ്പയും ചേർത്ത് വീട് പണിയാൻ തുടങ്ങുന്നു.
ബജറ്റ് നിശ്ചയിക്കുന്നു. എസ്റ്റിമേറ്റ് തയ്യാറാക്കുന്നു. കോൺട്രാക്ട് നൽകുന്നു. പക്ഷേ പണി തുടങ്ങുമ്പോഴേക്കും സിമന്റ്, കമ്പി, വയറിങ്, പ്ലംബിങ്, സാനിട്ടറി വെയർ, ടൈൽ, പെയിന്റ്, മറ്റ് നിർമ്മാണ സാമഗ്രികൾ, ഗതാഗതച്ചെലവ്, തൊഴിലാളികളുടെ കൂലി എല്ലാം നിരന്തരം മാറിക്കൊണ്ടേ ഇരിക്കുന്നു.
അവസാനം ബജറ്റ് തകരുന്നു, പണി നീളുന്നു, കൂടുതൽ വായ്പ എടുക്കേണ്ടിവരുന്നു, പലപ്പോഴും വീട് പാതിവഴിയിൽ നിന്നുപോവുകയോ, തൽക്കാലം വീട്ടിൽ താമസിക്കാനുള്ള സൗകര്യത്തിൽ കോമ്പ്രമൈസ് ചെയ്യുകയോ ചെയ്യുന്നു. ഇത് ഒരു കുടുംബത്തിന്റെ മാത്രം പ്രശ്നമല്ല, ഇത് കേരളത്തിന്റെ മൊത്തം സാമ്പത്തിക പ്രശ്നമാണ്.
മൂന്നു പതിറ്റാണ്ടിലേറെയായി കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും കെട്ടിടനിർമ്മാണ മേഖലയുമായി നേരിട്ട് പ്രവർത്തിക്കുന്ന ഒരാളെന്ന നിലയിൽ; സൈറ്റിൽ നിന്ന് നേരിട്ട് കണ്ടും, അനുഭവിച്ചും, പഠിച്ചും മനസ്സിലാക്കിയ ചില കാര്യങ്ങളാണ് പറയുന്നത്.
നോട്ടുനിരോധനത്തിനു ശേഷമുള്ള സാമ്പത്തിക പ്രതിസന്ധി, കോവിഡ്, Supply Chain തകരാറുകൾ, പ്രകൃതിദുരന്തങ്ങൾ, പ്രളയങ്ങൾ, ആഗോള സംഘർഷങ്ങൾ, ഇന്ധനവിലയിലെ മാറ്റങ്ങൾ, തൊഴിലാളി ക്ഷാമം തുടങ്ങിയവ നിർമ്മാണ മേഖലയെ പല ഘട്ടങ്ങളിലായി തുടർച്ചയായി ബാധിച്ചു.
കോവിഡ് കാലത്ത് വിതരണ ശൃംഖല തകർന്നപ്പോൾ നിർമ്മാണ സാമഗ്രികളുടെ വില ഉയർന്നു. പക്ഷേ ഒരു ചോദ്യം ചോദിക്കാതിരിക്കാനാവില്ല. വില ഉയരുന്നത്- സാഹചര്യങ്ങളുടെ ഭാഗമായിരിക്കാം. എന്നാൽ സാഹചര്യങ്ങൾ സാധാരണ നിലയിലായ ശേഷവും വില എന്തുകൊണ്ട് പഴയ നിലയിലേക്ക് മടങ്ങുന്നില്ല? ഈ ചോദ്യത്തിന് കേരളം ഗൗരവമായി ഉത്തരം കണ്ടെത്തേണ്ട സമയം കഴിഞ്ഞു.
🚨 ഈ പ്രശ്നം ഒരു വീട്ടുടമയിൽ മാത്രം ഒതുങ്ങുന്നില്ല. ഒരു നിർമ്മാണം നിൽക്കുമ്പോൾ അതിനൊപ്പം നിൽക്കുന്ന:
👷 തൊഴിലാളി 🧱 കോൺട്രാക്ടർ 🏗️ കൺസ്ട്രക്ഷൻ കമ്പനി 📐 എഞ്ചിനീയർ 🏠 ആർക്കിടെക്റ്റ് 🔨 മേസൻ, കാർപെന്റർ ⚡ ഇലക്ട്രീഷ്യൻ 🚰 പ്ലംബർ 🎨 പെയിന്റർ 🔲 ടൈൽ വർക്കർ 🚚 ട്രാൻസ്പോർട്ടർ ⛏️ ക്വാറി 🏪 വ്യാപാരികൾ അങ്ങനെ അനേകം കുടുംബങ്ങളുടെ വരുമാനമാർഗ്ഗമാണ്, ജീവിതോപാധിയാണ് നിന്നുപോവുന്നത്.
Construction Sector തളർന്നാൽ അതിന്റെ ആഘാതം ഒരു മേഖലയിലൊതുങ്ങില്ല. അതിന് ചുറ്റുമുള്ള നിരവധി ബിസിനസുകളുടെയും, കുടുംബങ്ങളുടെയും, സമൂഹത്തിന്റെയും വരുമാനമാണ് നിൽക്കുന്നത്.
⚠️ കോൺട്രാക്ടർമാരുടെ പ്രതിസന്ധി ആരാണ് കാണുന്നത്?
ഒരു കോൺട്രാക്ടർ ഒരു നിശ്ചിത തുകയ്ക്ക് ഒരു പ്രോജക്റ്റ് എഗ്രിമെന്റ് ചെയ്തു ഏറ്റെടുക്കുന്നു. അതിനുശേഷം; Material Cost കൂടുന്നു, Labour Cost കൂടുന്നു, Transportation Cost കൂടുന്നു, Site Overhead കൂടുന്നു, Finance Cost കൂടുന്നു. എന്നാൽ എഗ്രിമെന്റ് ചെയ്യപ്പെട്ട Contract Value അതേപടി നിൽക്കുന്നു.
ശമ്പളം കൊടുക്കണം, തൊഴിലാളികൾക്ക് കൂലി കൊടുക്കണം, വെൻഡർമാർക്ക് പണം നൽകണം, ഓഫീസ് നടത്തണം, സൈറ്റ് നടത്തണം. അങ്ങനെ ഓരോ ദിവസവും പ്രോജക്റ്റ് നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന. ഇങ്ങനെയാണ്; നല്ല രീതിയിൽ പ്രവർത്തിക്കുന്ന പല Construction MSME-കളും Contractors-ഉം തകർന്നുപോവുന്നത്.
👷 മറ്റൊരു വലിയ പ്രതിസന്ധിയാണ് തൊഴിലാളി ക്ഷാമം
കേരളത്തിലെ Construction Sector വർഷങ്ങളായി വലിയ തോതിൽ അന്യസംസ്ഥാന തൊഴിലാളികളെ ആശ്രയിച്ചാണ് മുന്നോട്ടുപോയത്. ഇപ്പോൾ പല കാരണങ്ങളാൽ വലിയൊരു വിഭാഗം തൊഴിലാളികൾ സ്വന്തം നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്. അവർ തിരിച്ചുവരില്ല. അപ്പോൾ തൊഴിലാളികളുടെ ലഭ്യത കുറയുന്നു, സ്വാഭാവികമായി Labour Cost ഉയരുന്നു, അവർ ഡിമാൻറ് ചെയ്യുന്നു, ഞങ്ങളെപ്പോലുള്ളവർ നിസ്സഹായരാവുന്നു.
ഏറ്റവും പ്രസക്തമായ ചോദ്യം ഇവിടെയാണ്. ഇതുപോലൊരു അവസരം വന്നിട്ട് എന്തുകൊണ്ടാണ് നമ്മുടെ മലയാളി യുവാക്കൾ നിർമ്മാണ മേഖലയിലേക്ക് കൂടുതൽ കടന്നു വരാത്തത്? Construction-നെ ഒരു കൂലിപ്പണി എന്നതിലുപരി Skill-based Professional Career ആയി കാണുന്ന ഒരു സംവിധാനം കേരളത്തിൽ നമുക്ക് സൃഷ്ടിക്കാനാകില്ലേ? തീർച്ചയായും അതിനുകഴിയണം.
💡 പരിഹാരം അസാധ്യമല്ല. എൻറെ ചില നിർദ്ദേശങ്ങൾ പങ്കുവയ്ക്കാം:
സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും Construction Organisations-ഉം Skill Development Organisations-ഉം Contractors-ഉം ഒരുമിച്ച് പ്രവർത്തിച്ചാൽ വളരെ പ്രായോഗികമായ ചില സംവിധാനങ്ങൾ കേരളത്തിൽ തന്നെ ഉണ്ടാക്കാം, ഈ പ്രതിസന്ധിയെ തരണം ചെയ്യാം, ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കാം. വ്യക്തികൾക്കും, കുടുംബങ്ങൾക്കും, സമൂഹത്തിനും, സർക്കാരിനും പണം ഉണ്ടാക്കുവാനും, പകുതിയിലേറെ തൊഴിലില്ലായ്മാ പരിഹരിക്കാനും കഴിയും.
01- Kerala Construction Labour Digital Registry
ഓരോ പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും കോർപ്പറേഷനിലും ജോലി ചെയ്യാൻ തയ്യാറുള്ള സ്വദേശികളുടെ Digital Labour Registry തയ്യാറാക്കുക.
02- Skill-based Labour Classification
മേസൻ, ഹെൽപ്പർ, സെന്ററിങ് വർക്കർ, കോൺക്രീറ്റ് വർക്കർ, കാർപെന്റർ, ടൈൽ/മാർബിൾ വർക്കർ, ഇലക്ട്രീഷ്യൻ, പ്ലംബർ, പെയിന്റർ, സീലിങ് വർക്കർ, സ്റ്റീൽ വർക്കർ, ഫാബ്രിക്കേറ്റർ തുടങ്ങിയ വിഭാഗങ്ങളായി രജിസ്റ്റർ ചെയ്യുക.
03- Verified Construction Labour Card
ഓരോ തൊഴിലാളിയുടെയും Skill Level, Experience, Location, Availability എന്നിവ രേഖപ്പെടുത്തി Verified Labour Card നൽകുക.
04- Skill-based Wage Bands
Construction Association Professionals & Skill Development Organisations ചേർന്ന് Skill Level അനുസരിച്ച് Transparent Wage Bands രൂപപ്പെടുത്തുക.
05- Construction Material Price Monitoring
സർക്കാർ വില നിശ്ചയിക്കണമെന്നല്ല, പക്ഷേ വില നിരീക്ഷിക്കണം നിർബന്ധമാക്കണം, അസാധാരണമായ വിലക്കയറ്റം ഉണ്ടായാൽ പരിശോധിക്കണം ഇടപെടണം, ലഭ്യതയിൽ വലിയ കുറവ് വന്നാൽ ഇടപെടണം.
06- District-wise Price Transparency
സിമന്റ്, സ്റ്റീൽ, പെയിന്റ്, സാനിട്ടറി, ഇലക്ട്രിക്കൽ, പ്ലംബിങ് തുടങ്ങിയ പ്രധാന നിർമ്മാണ സാമഗ്രികളുടെ ജില്ലാതല വിലവിവരങ്ങൾ പൊതുജനങ്ങൾക്ക് എളുപ്പത്തിൽ പരിശോധിക്കാവുന്ന രീതിയിൽ പ്രസിദ്ധീകരിക്കണം.
07- Malayalam Youth Construction Skill Mission
മലയാളി യുവാക്കളെ Construction Workforce-ലേക്ക് കൊണ്ടുവരാൻ പ്രത്യേക Skill & Employment Mission ആരംഭിക്കണം, അതിനായി ഈ മേഖലയിലെ എക്സ്പെർട്ടുകളെ അണിനിരത്തണം, സൈറ്റ് ട്രെയിനിങ് കൊടുക്കണം.
Construction തൊഴിലിനെ “കൂലിപ്പണി” എന്ന പഴയ കാഴ്ചപ്പാടിൽ നിന്ന് മാറ്റി Skilled Professional Career ആയി അവതരിപ്പിക്കണം. അന്യസംസ്ഥാന തൊഴിലാളികളെ "അഥിതി തൊഴിലാളികൾ" എന്ന് നാമകരണം ചെയ്തപോലെ, മലയാളി തൊഴിലാളികൾക്ക് ഇതൊരു പ്രൊഫഷനായി ഫീൽ ചെയ്യണം.
🏗️ കേരളം നിർമ്മാണ മേഖലയിൽ സ്വയംപര്യാപ്തമാകണം
നിർമ്മാണ സാമഗ്രികളുടെ വലിയൊരു പങ്ക് കേരളത്തിന് പുറത്തുനിന്നാണ് എത്തുന്നത്. മറ്റൊരു സംസ്ഥാനത്ത് ഒരു നിയന്ത്രണം വന്നാൽ കേരളത്തിലെ Construction Sector നിന്നുപോവുന്ന അവസ്ഥ നമുക്ക് അംഗീകരിക്കാനാകുമോ? എത്രനാൾ ഇങ്ങനെ ആശ്രയിക്കും?
ക്വാറി ഉൽപ്പന്നങ്ങളായാലും മറ്റേതെങ്കിലും Construction Materials ആയാലും, കേരളത്തിന്റെ നിർമ്മാണ സമ്പദ്വ്യവസ്ഥയ്ക്ക് ആവശ്യമായ Supply Security നമുക്ക് ഉറപ്പാക്കേണ്ടതുണ്ട്.
മനുഷ്യൻ ഉള്ളിടത്തോളം വീടുകളും കെട്ടിടങ്ങളും നിർമ്മിക്കേണ്ടിവരും. അതുകൊണ്ട് Construction Sector-ൽ കേരളത്തിന് ദീർഘകാല Supply സെക്യൂരിറ്റിയും കൂടുതൽ സ്വയംപര്യാപ്തതയും സൃഷ്ടിക്കപ്പെടണം.
📢 സർക്കാരിനോടുള്ള എൻറെ എളിയ അഭ്യർത്ഥന- കേരള സർക്കാർ അടിയന്തരമായി ഇക്കാര്യങ്ങൾ പരിഗണിക്കണം.
✅ Construction Material Price Monitoring System
✅ District-wise Material Price Data
✅ Kerala Construction Labour Digital Registry
✅ Verified Construction Labour Card
✅ Skill-based Wage Bands
✅ Malayalam Youth Construction Skill & Employment Mission
✅ Construction MSME & Contractor Protection Mechanism
✅ Construction Material Supply Security Policy
ഇവ വലിയ പദ്ധതികളല്ല. നല്ല രീതിയിൽ ആസൂത്രണം ചെയ്താൽ നടപ്പാക്കാൻ കഴിയുന്ന പ്രായോഗിക സംവിധാനങ്ങളാണ്.
🏠 പാർപ്പിടം ഒരു ആഡംബരമല്ല. ഭക്ഷണം പോലെ തന്നെ മനുഷ്യന്റെ അടിസ്ഥാന ആവശ്യമാണ്.
ഒരു സാധാരണക്കാരന് സ്വന്തം വീട് പണിയാനുള്ള സ്വപ്നം
വിലക്കയറ്റത്തിന്റെയും അനിശ്ചിതത്വത്തിന്റെയും ഇരയാകരുത്.
ഒരു കുടുംബം വീട് പണിയുമ്പോൾ; അതിനൊപ്പം നൂറുകണക്കിന് തൊഴിലാളികൾക്കും ചെറുകിട സ്ഥാപനങ്ങൾക്കും വ്യാപാരികൾക്കും വരുമാനം ലഭിക്കുന്നു.
അതിനാൽ Construction Sector-നെ സംരക്ഷിക്കുന്നത് ഒരു വ്യവസായത്തെ മാത്രം സംരക്ഷിക്കുന്നതല്ല. അത് കേരളത്തിലെ ആയിരക്കണക്കിന് കുടുംബങ്ങളുടെ സാമ്പത്തിക സുരക്ഷ സംരക്ഷിക്കുകയാണ്.
❓ ഇനി ചോദിക്കേണ്ട ചോദ്യം ഇതാണ്:
കേരളത്തിലെ സാധാരണക്കാരന് വീട് പണിയാനുള്ള അവകാശം സാമ്പത്തികമായി സംരക്ഷിക്കാൻ നാം എപ്പോൾ തുടങ്ങും? അതിനായി-
സർക്കാർ സംസാരിക്കണം.
രാഷ്ട്രീയ പാർട്ടികൾ സംസാരിക്കണം.
മത സ്ഥാപനങ്ങൾ സംസാരിക്കണം.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സംസാരിക്കണം.
Construction Organisations സംസാരിക്കണം.
Engineers സംഘടനകൾ സംസാരിക്കണം.
Material Industry സംസാരിക്കണം.
Contractors സംസാരിക്കണം.
തൊഴിലാളികൾ സംസാരിക്കണം.
പൊതുസമൂഹം സംസാരിക്കണം.
ഇത് രാഷ്ട്രീയത്തിന് അതീതമായ വിഷയമാണ്. ഇത് കേരളത്തിന്റെ ജനജീവിതവുമായി നേരിട്ട് ബന്ധപ്പെട്ട വിഷയമാണ്. രാഷ്ട്രീയപ്പാർട്ടികൾ, മത വിഭാഗങ്ങൾ, മറ്റു സന്നദ്ധ സംഘടനകൾ എന്നിവയ്ക്ക് തീർച്ചയായും ഇതിൽ വളരെയധികം കാര്യങ്ങൾ ചെയ്യുവാൻ കഴിയും.
തങ്ങളുടെ ഇടയിലെ മെമ്പർമാർക്ക് തൊഴിലും വരുമാനവും കണ്ടെത്തുവാൻ ഈ അവസരം നന്നായി വിനിയോഗിക്കാം. മേല്പറഞ്ഞപോലുള്ള ഗ്രൂപ്പുകളുണ്ടാക്കാം. അങ്ങിനെ നമുക്ക് ഈ പ്രശ്നം തീർച്ചയായും പരിഹരിക്കാൻ കഴിയും.
പക്ഷേ അതിന് ആദ്യം പ്രശ്നത്തെക്കുറിച്ച് തുറന്ന് സംസാരിക്കാൻ തുടങ്ങണം. ആ മാറ്റം എപ്പോൾ തുടങ്ങും?
ഷാജി പി.ഡി.
MUDRA INTERIORS & DEVELOPERS
കോഴിക്കോട്
BUILD • DEVELOP • CONSULT • CONNECT