14/07/2021
ഓൺ ഗ്രിഡ് സോളാറും , ഓഫ് ഗ്രിഡ് സോളാറും തമ്മിലുള്ള വ്യത്യാസം എന്താണ് ?
1. ഓൺ ഗ്രിഡ് സോളാറിന് ബാറ്ററിയുടെ ആവശ്യമില്ല , കാരണം കെഎസ്ഇബി യുമായി ബന്ധിതമായാണ് പ്രവർത്തിക്കുന്നത് . ഓഫ് ഗ്രിഡ് സോളാറിന് ബാറ്ററി ആവശ്യമാണ് .
2. കറണ്ട് പോയാൽ ഓൺ ഗ്രിഡ് സോളാർ പ്രവർത്തിക്കില്ല . എന്നാൽ കരണ്ട് പോയാലും ഓഫ് ഗ്രിഡ് സോളാർ പ്രവർത്തിക്കും .
3. ഓൺ ഗ്രിഡ് സോളാറിന് തുടർ ചെലവുകൾ അധികം വരുന്നില്ല . കാരണം പാനലിന് 25 വർഷം വാറണ്ടി ലഭിക്കുന്നു , അതുപോലെ 20 വർഷം വാറണ്ടി ഉള്ളതോ, അല്ലെങ്കിൽ 20 വർഷത്തേക്ക് Amc ലഭിക്കുന്നതുമായ ഓൺ ഗ്രിഡ് ഇൻവെർട്ടറുകൾ ലഭ്യമാണ് . എന്നാൽ ലിഥിയം ബാറ്ററി ഉപയോഗിച്ചിട്ടുള്ള ഓഫ് ഗ്രിഡ് സോളർ സിസ്റ്റത്തിന് 10,15 വർഷത്തിനുശേഷം ബാറ്ററി മാറ്റേണ്ടിവരുന്ന ചിലവ് വരുന്നു .
4.ഒരു കിലോവാട്ട് ഓൺ ഗ്രിഡ് സോളാറിന് 40,000 രൂപ മുതൽ 70,000 രൂപ വരെ ശരാശരി ചെലവ് വരുന്നു ,
എന്നാൽ ഒരു കിലോവാട്ട് ലിഥിയം ഓഫ് ഗ്രിഡ് സോളാർ സിസ്റ്റത്തിന് 90000 രൂപ മുതൽ 140000 രൂപ വരെ ശരാശരി ചിലവ് വരുന്നു .
5.ഓൺ ഗ്രിഡ് സോളാർ സ്ഥാപിക്കുന്നതിന് കെഎസ്ഇബിയുടെ അപ്പ്രൂവൽ ആവശ്യമുണ്ട് .
എന്നാൽ ഓഫ് ഗ്രിഡ് സോളാർ സ്ഥാപിക്കുന്നതിന് കെഎസ്ഇബിയുടെ അനുമതി ആവശ്യമില്ല .
6. കേരളത്തിലെ കാലാവസ്ഥയിൽ , ഒരു കിലോവാട്ട് ഓൺ ഗ്രിഡ് സോളാറിൽ നിന്നും ഒരു വർഷം 1440 യൂണിറ്റ് വൈദ്യുതി ലഭിക്കുന്നു , അതായത് ഒരു ദിവസം ശരാശരി നാല് യൂണിറ്റ് വൈദ്യുതി .
എന്നാൽ ഓഫ് ഗ്രിഡ് സോളാറിൽ നിന്നും ഒരു വർഷം 1080 യൂണിറ്റ് വൈദ്യുതി ലഭിക്കുന്നു അതായത് ശരാശരി ദിവസം മൂന്ന് യൂണിറ്റ് .
7. ഓൺ ഗ്രിഡ് സോളാർ സ്ഥാപിച്ചാൽ കണക്ടട് ലോഡ് കുറയ്ക്കുന്നതിനും , ഫിക്സഡ് ചാർജ് ഒഴിവാക്കുന്നതിനും കഴിയില്ല .
എന്നാൽ ഓഫ് ഗ്രിഡ് സോളാർ സ്ഥാപിച്ചാൽ കണക്ടഡ് ലോഡ് കുറയ്ക്കുന്നതിനും , ഫിക്സഡ് ചാർജ് ഒഴിവാക്കുന്നതിനും സാധിക്കും . ഉദാഹരണത്തിന് 100 കിലോവാട്ട് ലോഡ് ഉള്ളവർക്ക് 15000 രൂപ മുതൽ 20,000 രൂപ വരെ ശരാശരി ഫിക്സ് ചാർജ് ഈടാക്കിയേക്കാം . അതായത് 10 വർഷത്തേക്ക് ശരാശരി 20 ലക്ഷം രൂപ വരെ ഫിക്സഡ് ചാർജ് ഒഴിവാക്കുന്നതിനും , അതുകൂടാതെ സോളാർ വെക്കുന്നതിനാൽ വൈദ്യുതിയുടെ യൂണിറ്റ് ചാർജ് ഒഴിവാക്കുന്നതിനു സാധിക്കും .
8. ഓൺ ഗ്രിഡ് സോളാർ സ്ഥാപിക്കുന്നവർക്ക് പവർ ക്വാളിറ്റി ഉള്ള വൈദ്യുതിയും എല്ലായിപ്പോഴും ലഭിക്കുന്നില്ല .
എന്നാൽ ഓഫ് ഗ്രിഡ് സോളാർ സ്ഥാപിക്കുന്നവർക്ക് പവർ ക്വാളിറ്റിയുള്ള ഉള്ള വൈദ്യുതിയും , തടസ്സമില്ലാത്ത വൈദ്യുതിയും , എല്ലായ്പ്പോഴും ലഭിക്കുന്നു .
9 . ഒരു കിലോവാട്ട് ഓൺ ഗ്രിഡ് സോളാറിൽ നിന്നും രണ്ടുമാസത്തെ വൈദ്യുതി ബില്ലിൽ ശരാശരി 1800 രൂപ കുറവ് വരുന്നു . ഒരു കിലോവാട്ട് ഓഫ് ഗ്രിഡ് സോളാറിൽ നിന്നും രണ്ടുമാസത്തെ കരണ്ട് ബില്ലിൽ ശരാശരി 1350 രൂപയുടെ കറണ്ട് ചാർജ് കുറവ് വരുന്നു .
10 . പണം ലാഭിക്കുന്നതിനുവേണ്ടി സോളാർ സ്ഥാപിക്കുന്ന വീടുകൾക്ക് , ഓൺ ഗ്രിഡ് സോളാർ സ്ഥാപിച്ചതിനുശേഷം , വീട്ടിൽ സാധാരണ ഇൻവെർട്ടർ സ്ഥാപിക്കുന്ന ആയിരിക്കും നല്ലത് . എന്നാൽ സാധാരണ ഇൻവെർട്ടറിന് അഞ്ചോ ആറോ മണിക്കൂർ മാത്രമേ ബാക്കപ്പ് കിട്ടുകയുള്ളു , എ ന്നാൽ ഒരു ദിവസം മുഴുവനായി കരണ്ട് പോയാൽ ആ സമയങ്ങളിൽ പ്രയോജനം ഓഫ് ഗ്രിഡ് സോളറാണ് . കേരളം ഇന്ന് ദുരന്തബാധിത സോണിലാണ് .
11. വീടുകൾക്ക് ഓൺ ഗ്രിഡ് സോളാറാണ് കൂടുതൽ ലാഭകരം . എന്നാൽ 50 കിലോവാട്ടിന് മുകളിലുള്ള ചില വ്യവസായ സ്ഥാപനങ്ങൾക്ക് ലിഥിയം ബാറ്ററി വെച്ചിട്ടുള്ള ഓഫ് ഗ്രിഡാണ് ലാഭകരം . ഇത് പല ഘടകങ്ങളെ നോക്കിയിട്ടാണ് ഓഫ് ഗ്രിഡ് വേണോ എന്ന് തീരുമാനിക്കുന്നത് . ഓൺ ഗ്രിഡിനില്ലാത്ത പല ലാഭകരമായ പ്രത്യേകതകളും ഓഫ് ഗ്രിഡിനുണ്ട്. അത് ചുവടെ കൊടുക്കുന്നു .
ഇന്ന് പല വ്യവസായ സ്ഥാപനങ്ങളും 100 കിലോവാട്ടിന് മുകളിലുള്ള ഓഫ് ഗ്രിഡ് സോളാർ പ്ലാൻറുകൾ സ്ഥാപിക്കുന്നുണ്ട് . 2018 ൽ 100 K w ഓഫ് ഗ്രിഡ് സോളാർ സ്ഥാപിച്ച സ്ഥാപനം തന്നെ 2019 ൽ വീണ്ടും 300 K w ഓഫ് ഗ്രിഡ് സ്ഥാപിച്ചിട്ടുണ്ട്. ആ സ്ഥാപനം തന്നെ 2021 ൽ മറ്റൊരു ഉയർന്ന ഓഫ് ഗ്രിഡ് സോളാർ സിസ്റ്റത്തിന് കൊട്ടേഷൻ ക്ഷണിച്ചിട്ടുണ്ട് . ചില പ്രത്യേക പ്രൊഡക്ഷൻ ഉള്ള സ്ഥാപനങ്ങൾക്ക് ഓൺ ഗ്രിഡിനെക്കാൾ ലാഭം ഓഫ് ഗ്രിഡ് സോളാർ ആണ് . ലിഥിയം ബാറ്ററിക്ക് വില കുറഞ്ഞതിനാലും , ഫിക്സഡ് ചാർജ് ഒഴിവാക്കുന്നതിനും , വൈദ്യുതി തടസ്സമില്ലാതെ കിട്ടുന്നതിനും , ട്രാൻസ്ഫോമർ കപ്പാസിറ്റി വർദ്ധിപ്പിക്കാതിരിക്കുന്നതിനും , പിവിസി , പ്ലാസ്റ്റിക് പോലുള്ളവ കറണ്ട് പോകുമ്പോൾ റോളറുമായി ഉരുകി പിടിച്ച് സമയനഷ്ടവും സാമ്പത്തിക നഷ്ടവും ഉണ്ടാകുന്നതിനാലും , സമയബന്ധിതമായി പ്രൊഡക്ഷൻ നടക്കുന്നതിനും , പീക്ക് ഹവറിലെ വൈദ്യുതി ചാർജ് ഒഴിവാക്കുന്നതിനും , പവർക്വാളിറ്റി വേണ്ട ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതിനു മാണ് ഓഫ് ഗ്രിഡ് സോളാർ പ്ലാൻറുകൾ ഉപയോഗിക്കുന്നത് .
12. കടയിൽ സോളാർ സ്ഥാപിക്കാൻ സ്ഥലം ഇല്ലെങ്കിൽ വീട്ടിൽ സോളാർ സ്ഥാപിച്ചുകൊണ്ട് കടയിലെ കരണ്ട് ബില്ല് കുറയ്ക്കാൻ കഴിയും .രണ്ടിന്റെയും കൺസ്യൂമർ ഒരാൾ ആയിരിക്കണം . ഈ സംവിധാനം ഓൺ ഗ്രിഡ് സോളാർ സിസ്റ്റത്തിന് മാത്രമേയുള്ളൂ . ഓഫ് ഗ്രിഡ് സോളാറിന് ഈ രീതിയിൽ ചെയ്യാൻ കഴിയില്ല .
13. ഇൻഡയറക്ട് ലൈറ്റിംഗ് ഓൺ ഗ്രിഡിനെ ബാധിച്ചേക്കാം . എന്നാൽ ഓഫ് ഗ്രിഡിനെ , ഇത് അധികം ബാധിക്കുന്നില്ല .
14.നമ്മുടെ ഏരിയയിൽ , മറ്റുള്ളവർ സോളാർ സ്ഥാപിച്ച് , ട്രാൻസ്ഫോമർ കപ്പാസിറ്റി കഴിഞ്ഞാൽ ഓൺ ഗ്രിഡ് സോളാർ സ്ഥാപിക്കാൻ കഴിയില്ല . എന്നാൽ ഓഫ് ഗ്രിഡ് സോളാറിന് ട്രാൻസ്ഫോർമർ കപ്പാസിറ്റിയുമായി യാതൊരു ബന്ധവും ഇല്ല .
15. ഓൺ ഗ്രിഡ് സോളാറിൽ വീണ്ടും സോളാർ സ്ഥാപിച്ചുകൊണ്ട് കപ്പാസിറ്റി കൂട്ടുന്നത് പ്രയാസകരമാണ് . എന്നാൽ ഓഫ് ഗ്രിഡ് സോളാറിന്റെ , ഇൻവെർട്ടറിന് കപ്പാസിറ്റി ഉണ്ടെങ്കിൽ പാനൽ വീണ്ടും ആഡ് ചെയ്യാൻ കഴിയും .
16. ഓൺ ഗ്രിഡ് സോളാർ ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുന്നത് ബുദ്ധിമുട്ടാണ് . എന്നാൽ ഓഫ് ഗ്രിഡ് സോളാർ മാറ്റി സ്ഥാപിക്കാം .
17 . ഒരു വീട്ടിൽ 3 K w ഓൺ ഗ്രിഡ് സോളാർ സ്ഥാപിക്കുന്നതിന് , 6 വർഷം കറണ്ട് ചാർജ് അടയ്ക്കുന്ന തുക കൊടുത്താൽ മതി . എന്നാൽ ഓഫ് ഗ്രിഡ് സോളാറിന് ശരാശരി 9 വർഷത്തെ കറണ്ട് ചാർജ്ജ് അടക്കേണ്ടിവരുന്നു. കറണ്ട് ചാർജ് കൊടുക്കുന്നത് നഷ്ടമാകുന്ന ചെലവിൽ എഴുതിത്തള്ളുന്നു . എന്നാൽ സോളാർ പ്ലാൻറ് ആസ്തിയിൽ ചേർക്കപ്പെടുന്നു .
18. 50,000 രൂപ കറണ്ട് ചാർജ് അടയ്ക്കുന്ന സ്ഥാപനത്തിന് നാലുവർഷത്തെ കറണ്ട് ചാർജ്ജ് കൊടുത്താൽ അതിനു തുല്യമായ സോളാർ പ്ലാൻറ് വെക്കാൻ കഴിയും . ഇൻകം ടാക്സ് ബെനിഫിറ്റ് , ജി എസ് ടി ഇൻപുട്ട് ക്ളയിം മറ്റ് പലവിധ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനാലാണ് . എന്നാൽ ഓഫ് ഗ്രിഡ് സോളാർ സ്ഥാപിക്കുന്നതിന് ആറു മുതൽ എട്ടു വർഷം വരെയുള്ള കറണ്ട് ചാർജ് കൊടുക്കേണ്ടതുണ്ട് .