24/05/2019
വാർത്ത സമ്മേളനത്തിൽ ചിലവഴിക്കുന്ന പതിവ് സമയത്തിനൊന്നും നിന്ന് കൊടുക്കാതെ, ജനവിധിയെ കുറിച്ച് വളരെ കുറച്ചു വാക്കുകളിൽ സംസാരിച്ചു. പഠിച്ചതിന് ശേഷം വിശദമായി സംസാരിക്കാം, പുതുതായി തിരഞ്ഞെടുത്ത സർക്കാരിന് അഭിനന്ദനങ്ങൾ. എല്ലാവർക്കും നന്ദി, ഇത്രയും പറഞ്ഞു അയാൾ ആൾക്കൂട്ടത്തിനിടയിലേക്കിറങ്ങി നടന്നു മറഞ്ഞു.
ആ മുഖത്ത് നിരാശയുടെ കരിനിഴൽ വലിയ തോതിൽ വീണിരിക്കുന്നു. ആത്മാർത്ഥമായി കഠിനാധ്വാനം ചെയ്തതിന്റെ ഫലം കിട്ടാത്ത പോരാളിയുടെ ഹൃദയം നിരാശ കൊണ്ടിടിക്കുന്ന ശബ്ദം പോലെ
എന്തോ ഒന്ന് അയാളെ അസ്വസ്ഥപ്പെടുത്തുന്നുണ്ടായിരുന്നു.
ഇന്നത്തെ രാത്രി രൂക്ഷമായ ചിന്തകൾ തലച്ചോറിലും, ചുറ്റും റോന്ത് ചുറ്റുന്ന നിരാശയും അയാളെ വരിഞ്ഞു മുറുക്കുന്നുണ്ടാകും. ആ വേദന നിശബ്ദമായി അനുഭവിച്ചു അയാൾ ആ ചുവരുകൾക്കുള്ളിൽ ഇന്നിരിക്കുമായിരിക്കും. എന്നാൽ ഹൃദയമുളള ഒരു മനുഷ്യനും അയാളെ വീണു പോകാൻ സമ്മതിക്കില്ല, കാരണം.
ശബ്ദമില്ലാതെ പരുങ്ങിയ ജനാധിപത്യത്തിന്റെ ശബ്ദമായിരുന്നു അയാൾ. വർഗീയതയല്ല, അകറ്റി നിർത്തലല്ല മറിച്ചു ചേർത്തു നിർത്താലാണ് തന്റെ രാഷ്ട്രീയമെന്ന് അയാൾ വിളിച്ചു പറയുന്നുണ്ടായിരുന്നു.
കോർപറേറ്റ് ഭീമന്മാരുടെ കോടാനുകോടി കടങ്ങൾ എഴുതിത്തള്ളി അവരുടെ അത്താഴവിരുന്നുകൾ ആഘോഷമാക്കുന്ന ഭരണാധികാരിക്ക് മുന്നിലൂടെ രാജ്യത്തെ ഗ്രാമങ്ങളിലേക്കിറങ്ങി ചെന്ന് കർഷകനെ നെഞ്ചോടു ചേർത്തു പിടിച്ചവനാണ്.
രാജ്യത്തിനൊരു നട്ടെല്ലുണ്ടെങ്കിൽ അത് യുവ ജനതയാണെന്ന് വെറുതെ പറഞ്ഞു വെക്കാതെ യുവത്വവുമായി നിരന്തരം ആശയവിനിമയം നടത്തി അവർക്കു ഇന്ത്യൻ രാഷ്ട്രീയ - ഭരണ ഇടങ്ങളിൽ ഇടമൊരുക്കാൻ മുന്നിൽ നിന്നവനായിരുന്നു. സ്ത്രീ സമൂഹം ഈ രാജ്യത്തിനെത്ര വിലപെട്ടതാണെന്ന് അയാൾ നിരന്തരം പറഞ്ഞു കൊണ്ടിരുന്നു. വനിതാ സമൂഹത്തെ ഉൾക്കൊണ്ടു എങ്ങെനെ ഈ രാജ്യം മുന്നോട്ടു പോകണമെന്ന വ്യക്തമായ കാഴ്ചപ്പാട് അയാൾക്കുണ്ടായിരുന്നു.
സാധാരണക്കാരന്റെ പ്രശ്നങ്ങൾ കേൾക്കാൻ അയാൾക്ക് കാതുണ്ടായിരുന്നു. സമയമുണ്ടായിരുന്നു. രാജ്യത്തെ ജനത നേരിടുന്ന വെല്ലുവിളി ഭരണകൂടത്തിന് മുന്നിൽ ഉയരെ വിളിച്ചു പറയാനുള്ള നാവുണ്ടായിരുന്നു. രാജ്യത്തെ നശിപ്പിക്കുന്ന ശക്തികളുമായി ഒരിക്കലും സമരസപ്പെടാത്ത മനസ്സുണ്ടായിരുന്നു.
പക്ഷെ, ഈ രാജ്യം ഒരു തിരഞ്ഞെടുപ്പ് പ്രക്രിയയിലേക്ക് കടന്നപ്പോൾ അയാളുടെ നേരിന്റെ രാഷ്ട്രീയത്തെ വേണ്ടവിധത്തിൽ കണ്ടില്ല.
കണ്ടത് മുഴുവൻ തീവ്ര ദേശീയതയിൽ പൊതിഞ്ഞ നാടകക്കാരന്റെ ഗിമ്മിക്കുകൾ മാത്രം, നുണകൾ മാത്രം, 56 ഇഞ്ചിന്റെ തള്ളൽ കഥകൾ മാത്രം...
ഇല്ല രാഹുൽ, നിങ്ങളല്ല തോറ്റത്, ഞങ്ങളാണ്, ഈ ജനതയാണ്.
വെറുപ്പിനിടം നൽകാത്ത, പുരോഗമന ചിറകിലേറി, സമത്വ സുന്ദരമായി ഈ രാജ്യം പറക്കുമെന്ന് കരുതിയ ഞങ്ങളാണ് തോറ്റു പോയത്.
തീവ്ര ദേശീയതയുടെ വാൾ കൊണ്ട് പകുതിയായി ഈ രാജ്യത്തെ മുറിച്ചു വച്ച്, ആ മുറിവിലേക്ക് വെറുപ്പിന്റെ, വിഭാഗീയതയുടെ രാഷ്ട്രീയ മസാലകൾ പുരട്ടിയവർ ജനാധിപത്യ സംവാദ വിഷയങ്ങൾ കൃത്യമായി മറച്ചു പിടിച്ചു.
അഞ്ച് വർഷത്തെ നരകയാതന നൽകിയ നെറികെട്ട ഭരണകൂട പിടിപ്പുകേടുകൾക്ക് ഇടമില്ലാതെ,രാജ്യവും അതിർത്തിയും, പട്ടാളവും അടക്കം ജനാധിപത്യ തിരഞ്ഞെടുപ്പിന്റെ മാന്യതക്ക് നിരക്കാത്ത വിഷയങ്ങൾക്ക് മുൻപിൽ നിങ്ങളുടെ നേരിന്റെ, സ്നേഹത്തിന്റെ, സത്യത്തിന്റെ രാഷ്ട്രീയം പരാജയപെട്ടു പോയി രാഹുൽ...
നന്ദിയുണ്ട്. ഞങ്ങൾക്ക് വേണ്ടി ശബ്‌ദിച്ചതിന്. നിലയുറപ്പിച്ചതിന്. കൊത്തിവലിക്കാൻ വട്ടമിട്ടു പറക്കുന്ന കഴുകൻ കണ്ണുകൾക്ക് മുൻപിൽ താങ്കൾക്കു കഴിയുന്ന വിധം ജനാധിപത്യ മൂല്യങ്ങളെ സംരക്ഷിച്ചു നിർത്താൻ നോക്കിയതിന്.
നന്ദി, ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും ഉലയാത്ത പിന്തുണയുടെ സ്നേഹാഭിവാദ്യങ്ങൾ.
ചുറ്റും കൂരിരുട്ടു കൊണ്ട്
മൂടുമ്പോഴും അകലെയൊരു
വെളിച്ചം തെളിയുമ്പോൾ പ്രതീക്ഷയുടെ ഹൃദയമിടിപ്പേറുന്ന പോലെ ഈ കൂരിരുട്ടിൽ രാഹുൽ നിങ്ങൾ തന്നെയാണ് പ്രതീക്ഷ.
വീണു പോകരുത്, ഞങ്ങൾക്കായി നടക്കുക.
കടപ്പാട്